Wednesday 1 June 2016

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)

കപ്പലോട്ടിയ വെള്ളാളന്‍ - (V.O.C)
===========================

The Vellala Helmsman
ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത്
ഒരു വെള്ളാളന്‍ , V. O. ചിദംബരം പിള്ളൈ എന്ന VOC.ആയിരുന്നു
തമിഴ്നാട്ടിലെ ഒരു സാധാരണക്കാരനും വക്കീലുമായിരുന്ന ചിദംബരം പിള്ള ലോകമൊട്ടാകെ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്; കപ്പലോട്ടിയ തമിഴന്‍ എന്ന പേരില്‍. കാരണം ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ആദ്യമായി ഇന്തയില്‍ ഒരു ഷിപ്പിങ്ങ് കമ്പനി തുടങ്ങിയ വ്യക്തിയാണ് ചിദംബരം പിള്ള.
തൂത്തുക്കുടിയില്‍ ഗോലി കളിച്ചും, വൈകീട്ട് ഇംഗ്ലീഷ് പഠിച്ചും വളര്‍ന്ന പിള്ളയെ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനാക്കാന്‍ അച്ഛന്‍ ഉലഗനാഥന്‍ പിള്ള വളരെയധികം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്ന് നിയമം പഠിച്ച പിള്ള നാട്ടിലേക്ക് ഒരു സാധാരണ വക്കീലായി തിരിച്ചെത്തിയെങ്കിലും, വൈകാതെ തന്നെ തുടര്‍പഠനത്തിനായി മദ്രാസ്സിലേക്ക് തിരിച്ചു. അവിടെവച്ചാണ് പിള്ള സ്വാതന്ത്ര്യസമരത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കി, അതിലേക്ക് അടുക്കുന്നത്. ആയിടയ്ക്ക് തന്നെയാണ് കവി ഭാരതിയാറുമായുള്ള പിള്ളയുടെ സൗഹൃദവും തുടങ്ങുന്നത്. വൈകാതെ പിള്ള ബാലഗംഗാധര തിലകിന്‍റെ സ്വദേശി പ്രസ്ഥാനത്തിലേക്കെത്തി, മദ്രാസ്സില്‍ അതിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായി മാറി. അധികം വൈകാതെ അതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും എത്തിപ്പെട്ട പിള്ള പിന്നീടാണ് ധാരാളം സ്വദേശി പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. അതില്‍ പ്രധാനമായ ഒന്നാണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി.
തൂത്തുക്കുടിയിലെ കച്ചവടക്കാരാണ് ആദ്യമായി ബ്രിട്ടീഷ് കപ്പലുകളിലെ മോശം അവസ്ഥകളെപ്പറ്റി മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ ബോധിപ്പിക്കുന്നത്. ബ്രിട്ടീഷ് കമ്പനികളും, മറ്റു യൂറോപ്യന്‍ കമ്പനികളും ഇന്ത്യന്‍ കച്ചവടക്കാരെ വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഗുരുസ്വാമി അയ്യരുടെ നേതൃത്വത്തില്‍ അവര്‍ കൌണ്‍സിലിനെ അറിയിച്ചെങ്കിലും അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കി കച്ചവടക്കാര്‍ തന്നെ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. അങ്ങിനെയാണ് പിള്ള ഈ പ്രശ്നം ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ സമുദ്ര തീരങ്ങളിലെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍, 1906ലാണ് പിള്ള പത്ത് ലക്ഷം രൂപ മൂലധനത്തോടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി തുടങ്ങുന്നത്. പാണ്ടിദുരൈ തേവര്‍ ആയിരുന്നു കമ്പനിയുടെ ഡയറക്ടര്‍, ഹാജി മുഹമ്മദ്‌ ബക്കീര്‍ സേട്ട് എന്ന പ്രമുഖനാണ് കമ്പനി മൂലധനത്തിന്‍റെ സിംഹഭാഗവും നല്‍കിയത്. ഏത് ഏഷ്യനും വാങ്ങാം എന്ന നിഭന്ധനയോടെ കമ്പനി 25 രൂപ വിലയില്‍ ഷെയറുകളും വിറ്റഴിച്ചിരുന്നു. മുഴുവന്‍ ഭാരതീയരുടെയും കമ്പനിയാക്കാമെന്ന ലക്ഷ്യവും, ശ്രീലങ്കയിലും, മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള തമിഴ് വംശജരെ കമ്പനിയിലേക്ക് ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ആകര്‍ഷിക്കാം എന്നതുമായിരുന്നു ഈ നിബന്ധനയുടെ പ്രധാന ഉദ്ദേശങ്ങള്‍.
തുടക്കത്തില്‍ കമ്പനിക്ക് സ്വന്തമായി കപ്പലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് നഷ്ടത്തില്‍ ഓടിയിരുന്ന ഷാലൈന്‍ സ്ട്രീമര്‍സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കരാര്‍ എടുത്താണ് സ്വദേശി ഷിപ്പിങ്ങ് കമ്പനി സര്‍വ്വീസ് നടത്തിയിരുന്നത്. തൂത്തുക്കുടിക്കും, ശ്രീലങ്കയ്‌ക്കുമിടയില്‍ പിള്ളയുടെ കപ്പലുകള്‍ ഓടാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സ്ട്രീം ഇന്ത്യ നാവിഗേഷന്‍ കമ്പനിക്ക് ആളുകള്‍ കുറയാന്‍ തുടങ്ങി, സാധാരണക്കാരും ഇടത്തരക്കാരും കൂട്ടത്തോടെ പിള്ളയുടെ കപ്പലുകളിലേക്ക് ചേക്കേറി. പണക്കാരില്‍ പലരും അപ്പോഴും സ്ട്രീം ഇന്ത്യയില്‍ത്തന്നെ നിന്നു, കാരണം തുടക്കമായത് കൊണ്ട് അത്ര മികച്ചതായിരുന്നില്ല പിള്ളയുടെ കപ്പലുകളിലെ സേവനം. പക്ഷെ സാധാരണ കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് വേണ്ടതിലധികം അവിടന്ന് കിട്ടിയിരുന്നു.
കുപിതരായ ബ്രിട്ടീഷുകാര്‍ പലവഴിക്ക് പിള്ളയുടെ കമ്പനി പൂട്ടിക്കാനും, ആളുകളെ അതില്‍നിന്ന് അകറ്റാനും നോക്കിയെങ്കിലും നടന്നില്ല. ഒടുക്കം അധിക കരം ചുമത്താന്‍ വരെ അവര്‍ നോക്കിയിരുന്നു. ഒന്നിനും വഴങ്ങാതായപ്പോള്‍ അവര്‍ പിള്ളയ്ക്ക് കപ്പല്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ നിന്ന് ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയെ വിലക്കി. അപ്പോഴേക്കും ഷാലൈന്‍, ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ തീരങ്ങളിലേക്ക് ബിസിനസും വ്യാപിപ്പിച്ചു.
അങ്ങിനെ കപ്പല്‍ ഇല്ലാതായെങ്കിലും പിള്ള തകര്‍ന്നില്ല. ബ്രിട്ടീഷുകാര്‍ പിള്ളയെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു; എന്നെങ്കിലും അവര്‍ ഷാലൈന്‍ സ്ട്രീമര്‍സ് കമ്പനിയിലേക്കും എത്തും, അവരെ പിന്തിരിപ്പിക്കും. അങ്ങിനെ വന്നാല്‍ തുടര്‍ന്നും സര്‍വീസ് നടത്താനുള്ള വഴി പിള്ള കണ്ടത്തിയിരുന്നു, സ്വന്തമായി കപ്പലുകള്‍ വാങ്ങുക. അതിനുള്ള പണം സമാഹരിക്കും വരെ എങ്ങിനെയെങ്കിലും സര്‍വ്വീസ് നടന്നാല്‍മ്മതിയെന്ന് പിള്ള ആഗ്രഹിച്ചിരുന്നു. പക്ഷെ കപ്പലുകള്‍ പോയ സ്ഥിതിക്ക് ഇനി പണത്തിന് വേറെ വഴി കാണണം.
പിള്ള തളര്‍ന്നില്ല. ശ്രീലങ്കയില്‍ നിന്ന് വാടകയ്ക്ക് കിട്ടിയ ഒരു വലിയ ചരക്ക് കപ്പല്‍ വച്ച് പിള്ള സര്‍വീസ് പുനര്‍ആരംഭിച്ചു. കൂടാതെ രാജ്യം മുഴുവനും സഞ്ചരിച്ച് സ്വദേശി ഷിപ്പിങ്ങ് കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാനും തുടങ്ങി. അതും ചുമ്മാ പ്രസംഗിച്ച് വില്‍ക്കലല്ല, ഭാരതത്തിന്‍റെ തീരങ്ങളിലൂടെ ഭാരതീയരെ കൊണ്ടുപോകാന്‍ എന്ത് കൊണ്ട് ഭാരതീയരുടെ സ്വന്തം കപ്പലുകള്‍ തന്നെ വേണമെന്ന് വാദിച്ച പിള്ളയെ വമ്പിച്ച കരഘോഷത്തോടെയാണ് പലയിടത്തും ജനങ്ങള്‍ സ്വീകരിച്ചത്. സുബ്രഹ്മണ്യം ഭാരതി, ജനങ്ങളോട് ഷെയറുകള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് നിരന്തരം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ഭാരതിയുടെ സ്വന്തം പത്രമായ 'ഇന്ത്യാ ജേര്‍ണലില്‍' നിരന്തരം പിള്ളയുടെ വാര്‍ത്തകളായിരുന്നു. പ്രമുഖ നേതാവായ G. സുബ്രഹ്മണ്യം അയ്യര്‍, അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ ജനങ്ങളോട് സ്വദേശി കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരുന്നു. കമ്പനി ഡയറക്ടറായ പാണ്ടിദുരൈ തേവര്‍ മധുര, മദ്രാസ്, സേലം ജില്ലകളിലൂടെ സഞ്ചരിച്ച് വ്യാപാരികളെക്കൊണ്ട് കമ്പനിയില്‍ അനേകം ഷെയറുകള്‍ എടുപ്പിച്ചു. എല്ലായിടത്തും തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂടിനിന്ന ജനങ്ങളോട് പിള്ള ഊന്നിപ്പറഞ്ഞു. "ഒന്നുകില്‍ ഞാന്‍ നമ്മുടെ കപ്പലുകളുമായി വരും, അല്ലെങ്കില്‍ കടലില്‍ മുങ്ങിമരിക്കും". പിള്ള ശ്രീലങ്ക വരെ പോയി ഷെയര്‍ വിറ്റിരുന്നെങ്കില്‍, ബര്‍മ്മ വരെ പോയി ഷെയര്‍ വിറ്റ കമ്പനി പ്രതിനിധികളുണ്ടായിരുന്നു. കൂടാതെ സുബ്രഹ്മണ്യം ഭാരതിയുടെ അടുത്തയാളായ ശ്രീനിവാസാചാര്യര്‍, സ്വന്തം കുടുംബത്തിലെയും, ബന്ധുക്കളുടെയും സ്വര്‍ണ്ണം വിറ്റ പണവുമായി എഴുപത്തയ്യായിരം രൂപയ്ക്കാണ് ഷെയര്‍ വാങ്ങിയത്. അങ്ങിനെ നിരവധി പേര്‍ സ്വദേശി കമ്പനിക്കായി വിലപ്പെട്ട സമയവും, സമ്പാദ്യവും അന്ന് ചിലവഴിച്ചു.
അങ്ങിനെ സ്വദേശി ഷിപ്പിങ്ങ് കമ്പനിക്ക് ആദ്യ കപ്പലായി, SS Galia. തൊട്ടടുത്ത മാസം തന്നെ ഫ്രാന്‍സില്‍ നിന്ന് അടുത്ത കപ്പലും എത്തി, SS Lavo. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന കമ്പനി കൂടിയ രീതിയില്‍ സര്‍വ്വീസ് തുടങ്ങിയത് ബ്രിട്ടീഷ് കമ്പനിക്ക് ഒരു കനത്ത തിരിച്ചടിയായിരുന്നു. സ്വദേശി കമ്പനിക്ക് ധാരാളം കടങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ അടുത്ത കുടില തന്ത്രമിറക്കി; അവരുടെ കപ്പലിലെ യാത്രാനിരക്ക് കുത്തനെ കുറച്ചു. നിരക്ക് കുറയ്ക്കാനാകാതെയും, ആള് കയറാതെയും പിള്ളയുടെ കമ്പനി വൈകാതെ തന്നെ പൂട്ടിക്കോളുമെന്ന് അവര്‍ കണക്കുകൂട്ടിയെങ്കിലും അവിടെയും പിള്ള അവരെ ഞെട്ടിച്ചു. ബ്രിട്ടീഷ് കമ്പനി ഒരു രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തിയപ്പോള്‍ പിള്ള അന്‍പത് പൈസക്കാണ് സര്‍വ്വീസ് നടത്തിയത്. ബ്രിട്ടീഷ് കമ്പനി വീണ്ടും പല ഓഫറുകളുമായി മുന്നോട്ടു വന്നെങ്കിലും ഒന്നും ഏശിയില്ല. തൂത്തുക്കുടി - ശ്രീലങ്ക റൂട്ട് പിന്നീട് സ്വദേശി ഷിപ്പിങ്ങ് കമ്പനി തന്നെ വാണു. അക്കാലത്ത് പ്രതിമാസം അരലക്ഷം രൂപ വരെ ബ്രിട്ടീഷ് കമ്പനിക്ക് നഷ്ടം സഹിക്കേണ്ടി വന്നിരുന്നു. ഇതിനിടെ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് പിള്ളയുടെ കപ്പല്‍ കേടുവരുത്താന്‍ വരെ അവര്‍ നോക്കി. ആത്മാഭിമാനമുള്ള ഇന്ത്യക്കാര്‍ സ്വദേശി കപ്പലില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ആളുകള്‍ അന്ന് വിശ്വസിച്ചിരുന്നു. പുതിയ കപ്പലുകളെക്കുറിച്ച് സുബ്രഹ്മണ്യം ഭാരതി തന്‍റെ കാര്‍ട്ടൂണില്‍ എഴുതിയത് ഇങ്ങിനെയാണ്‌. "Swadeshi ship with Vandematram flag is coming. People are joyous at the arrival of swadeshi steamers at Thoothukudi. We are proud to publish the cartoon."
ആയിടയ്ക്കാണ് പിള്ള, തൂത്തുക്കുടിയിലെ കോറല്‍ മില്‍ തൊഴിലാളികളുടെ സമരം ഏറ്റെടുത്ത് നടത്തുന്നത്. ന്യായമായ കൂലിയും, ജോലി സമയവും, അവധിയും ഒക്കെ തൊഴിലാളികള്‍ക്ക് നേടിക്കൊടുത്ത പിള്ള ആ സംഭവം കൊണ്ട് അധികാരികളുടെ കണ്ണിലെ കരടായെന്ന് മാത്രമല്ല, പിള്ളയുടെ സമരം മറ്റു യൂറോപ്യന്‍ കമ്പനികളിലും സമരത്തിന്‍റെ തീജ്വാലകള്‍ ഉയര്‍ത്തി. പിള്ളയുടെ നേതൃത്വത്തില്‍ ബംഗാളി നേതാവ് ബിപിന്‍ ചന്ദ്രപാലിന്‍റെ വിടുതല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേട്ട അധികാരികള്‍ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്‍വേലിയില്‍ വച്ച് അദ്ദേഹവുമായി ഒരു മീറ്റിംഗ് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിള്ള വിട്ടു നില്‍ക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നിഷേധിച്ച പിള്ളയെയും, സഹയാത്രികനും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ശിവയെയും അവര്‍ അറസ്റ്റ് ചെയ്തു.
പിള്ളയുടെയും ശിവയുടെയും അറസ്റ്റ് തിരുനല്‍വേലിയേ ഇളക്കിമറിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലേക്കിറങ്ങി, പോസ്റ്റ്‌ ഓഫീസും, പോലീസ് സ്റ്റെഷനുകളും, സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ സമയം തൂത്തുക്കുടി മുഴുവന്‍ സമരത്തിലായിരുന്നു, ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സമരം. പോലീസ് തിരിച്ചടിയില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. പിള്ളയ്ക്ക് ജാമ്യത്തിന് വഴിയുണ്ടായിരുന്നെങ്കിലും, ശിവയെക്കൂടാതെ താന്‍ ജയിലില്‍ നിന്ന് ഇറങ്ങില്ലായെന്ന് പിള്ള ഉറപ്പിച്ചു പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പിള്ളയ്ക്ക് വേണ്ടി വാദിക്കാന്‍ പ്രമുഖരുടെ ഒഴുക്കായിരുന്നു അങ്ങോട്ട്‌. പക്ഷെ സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി രണ്ട് ജീവപര്യന്തമായിരുന്നു അദ്ദേഹത്തിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലില്‍ ശിക്ഷ കുറച്ചിരുന്നു.
പിള്ളയുടെ അറസ്റ്റിനെ തുടര്‍ന്ന് കമ്പനിയുടെ താളമാകെ തെറ്റിയിരുന്നു. വീണ്ടും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പു കുത്തിയ കമ്പനിയെ രക്ഷിക്കാന്‍ ആദ്യമുണ്ടായവര്‍ തന്നെ മുന്നിട്ടിറങ്ങിയെങ്കിലും പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അതിനിടെ ബ്രിട്ടീഷ് കമ്പനി, സര്‍ക്കാര്‍ പിന്‍ബലത്തോടെ സ്വദേശി കമ്പനിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. പിള്ളയുടെ അഭാവത്തില്‍ മുങ്ങിത്തുടങ്ങിയ കമ്പനിയെ നിലനിര്‍ത്താന്‍ സുബ്രഹ്മണ്യം ഭാരതി അടക്കമുള്ളവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും, 1911ല്‍ ഭാരതത്തിന്‍റെ അഭിമാനമായിരുന്ന ആ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടി. കമ്പനിയുടെ ആദ്യ കപ്പലായ SS Gallio ലേലത്തില്‍ വാങ്ങിയത് ബ്രിട്ടീഷ് കമ്പനിയായിരുന്നു. നമ്മള്‍ നെയ്ത സ്വപ്നം ഒടുക്കം അവരുടെ കൈകളില്‍ എത്തി.
കുറച്ചു കാലം കോയമ്പത്തൂര്‍ ജയിലിലും, കണ്ണൂര്‍ ജയിലിലും കിടന്ന പിള്ളയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ചില്ലറയായിരുന്നില്ല. പൊരിവെയിലില്‍ കാളയ്ക്ക് പകരം നിന്ന് ചക്കാട്ടിയ പിള്ളയുടെ ഓര്‍മ്മയ്ക്കായ് ആ ചക്ക് ഇന്ന് ഗിണ്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയപ്പോഴേക്കും പിള്ളയുടെ ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്‍റെ നിയമ ബിരുദവും അധികൃതര്‍ പിഴിഞ്ഞെടുത്തിരുന്നു. കൂടാതെ തൂത്തുക്കുടിയിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക് ശേഷം കോയമ്പത്തൂര് വച്ചാണ് ബ്രിട്ടീഷുകാരനായ ജഡ്ജി വാല്ലസ്, പിള്ളയുടെ ബിരുദം വീണ്ടും സാധുവാക്കി കൊടുക്കുന്നത്. പിന്നീടുള്ള കാലം കൊണ്ഗ്രസ്സില്‍ പ്രവര്‍ത്തിച്ചും, ചിലപ്പോഴൊക്കെ ഇറങ്ങിയും, പുസ്തകങ്ങള്‍ എഴുതിയും ജീവിച്ച അദ്ദേഹം 1936ലാണ് മരണമടയുന്നത്.
സത്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് കമ്പനി ഉണ്ടാക്കിയത് പിള്ളയായിരുന്നില്ല. മദ്രാസ് ലെജിസ്ലേറ്റിവ് കൌണ്‍സിലില്‍ നിന്ന് നീതി ലഭിക്കാതിരുന്ന തൂത്തുക്കുടിയിലെ കച്ചവടക്കാര്‍ സ്വയം പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടെന്ന് പറഞ്ഞിരുന്നല്ലോ. പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ട പരിഹാരമായിരുന്നു സ്വന്തമായി ഒരു ഷിപ്പിങ്ങ് കമ്പനി. അങ്ങിനെ നല്ലൈ പെരുമാള്‍ എന്ന പ്രമുഖ വ്യാപാരിയുടെ നേതൃത്വത്തില്‍ അവര്‍ തുടങ്ങിയതാണ് Seena Vana ഷിപ്പിങ്ങ് കമ്പനി, പക്ഷെ അത് കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഒരു ബോംബെ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്ത കപ്പല്‍ വച്ച് അവര്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി അവരെ വളരെ വേഗത്തില്‍ പൂട്ടിച്ചു. തുടര്‍ന്നാണ്‌ പിള്ളയുടെ വരവ്. പിള്ളയുടെ കപ്പലുകളില്‍ എല്ലാത്തരം ആളുകള്‍ക്കും യാത്ര ചെയ്യാമായിരുന്നു. ചില താഴ്ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും, ബ്രിട്ടീഷുകാരായ ജോലിക്കാരും വരെ സ്ഥിരമായി പിള്ളയുടെ സ്വദേശി കമ്പനിയിലൂടെ കടല് കടന്നിരുന്നു. കൂടാതെ ആദ്യമായി ഇന്ത്യാക്കാര്‍ക്ക് വേണ്ടി സ്വന്തമായി കപ്പല് വാങ്ങി സര്‍വ്വീസ് നടത്തിയ കമ്പനി, അതായിരുന്നു പിള്ളയുടെ സ്വദേശി ഷിപ്പിങ്ങ് കമ്പനി. എതിരെ വന്ന എല്ലാ പ്രശ്നങ്ങളോടും പൊരുതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ കീഴിലുള്ള ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനിയോട് എതിരിട്ട് നില്‍ക്കാനും, അവര്‍ക്ക് പോലും ഭീഷണിയായി വളര്‍ന്ന ഒരു കമ്പനിയെ മുന്നോട് നയിക്കാനും കഴിഞ്ഞ പിള്ള തന്നെയാണ് ശരിക്കും ഇന്ത്യയിലെ ആദ്യ ഷിപ്പിങ്ങ് കമ്പനിയുടെ ഉടമ എന്ന പേരും, കപ്പലോട്ടിയ തമിഴന്‍ എന്ന അംഗീകാരവും അര്‍ഹിക്കുന്നത്.
പിള്ളയുടെ സ്മരണാര്‍ത്ഥം തൂത്തുക്കുടി തുറുമുഖ ട്രസ്റ്റിന് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. 1961ല്‍ അദ്ദേഹത്തിന്‍റെ ജീവിതം ഒരു സിനിമയായി ഇറങ്ങിയിരുന്നു. 'കപ്പലോട്ടിയ തമിഴന്‍' എന്ന ആ ചിത്രത്തില്‍ പിള്ളയായി അഭിനയിച്ചിരിക്കുന്നത് ശിവാജി ഗണേശനാണ്.
courtesy

No comments:

Post a Comment